ഹിയാസ് വെളിയംകോട്
1921 നും, 1857 – 1947 വരെയുള്ള നമ്മുടെ സ്വാതന്ത്രസമര പോരാട്ടങ്ങൾക്ക് മുമ്പ് തന്നെ ബ്രിടീഷ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ സ്ഥലങ്ങളിലൊന്നാണ് മലബാർ. നാടിനെ കോളനിവൽക്കരിക്കാൻ ശ്രമിച്ചിരുന്ന പോർച്ചുഗീസുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്ത ‘തുഹ്ഫത്തുൽ മുജാഹിദീൻ’ രചിച്ച പൊന്നാനി സൈനുദ്ധീൻ മഖ്ദൂമിന്റെ നാട്ടിലെ വെളിയംകോട് എന്ന പ്രദേശത്തെ ‘ഉമർ ഖാസി’ എന്ന കവിയും, പണ്ഡിതനും, സൂഫിവര്യനുമായ നേതാവ് ബ്രിടീഷുകാർക്കെതിരെ പോരാടാൻ പിന്നീട് വന്ന തലമുറയ്ക്ക് വഴികാണിച്ച പോയ മനുഷ്യനാണ്.
1765 -1857 കാലഘട്ടത്തിൽ ജീവിച്ച ഉമർ ഖാസിക്ക് ബ്രിടീഷുകാർക്കെതിരെ നികുതിനിഷേധ സമരങ്ങൾ നടത്തി രണ്ടുതവണ ജയിൽവാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് .
ചാവക്കാട് ജയിൽവാസം:
നികുതി നൽകില്ലെന്ന് പ്രതിഷേധം ശക്തമാവുകയും, തുക്കടി നീബു സായിപ്പിന് മുന്നിൽ ഹാജരാകേണ്ടിവരുകയും കരമടക്കാൻ വാഗ്വാദം നടന്നപ്പോൾ “മാദാ തഖൂലുയാ ബത്വാൽ (വിഡ്ഡീ നീ എന്ത് പറയുന്നു)” എന്ന് പറഞ്ഞു പോരാടുകയും അറസ്റ്റു ചെയ്യപ്പെട്ട് ചാവക്കാട് ജയിൽ വാസം വരിക്കുകയും ചെയ്തു.
കോഴിക്കോട് ജയിൽവാസം:
നികുതി നിഷേധ മുദ്രാവാക്യങ്ങൾ സാധാരണ ജനങ്ങളിലേക്കെത്തുകയും, ഖാസിയാർ വഴങ്ങാത്തതിനാലും വെളിയംകോട് ഉമർ ഖാളിയെ കോഴിക്കോട് ഹജൂർ , കളക്ടർ മെക്ലിൻ സായിപ്പിന്റെയടുത്ത് ഹാജരാക്കുന്ന നിലയിലെത്തിച്ചു. അവിടെയും “നിങ്ങൾ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയത്, നികുതി നൽകുകയില്ല, ഉപദ്രവിച്ച പോലീസുദ്യോഗസ്ഥനെതിരെ ചെറുത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്, നീബു സായിപ്പ് അവഹേളിച്ചപ്പോൾ തുപ്പുകയും ചെയ്തിട്ടുണ്ട്, അതിനൊന്നും നിങ്ങളോടു മാപ്പുപറയുകയില്ല ” എന്ന് വ്യക്തമാക്കിയതോടെ വീണ്ടും ജയിലിലകപ്പെട്ടു.
സാഹിത്യകാരനായ അദ്ദേഹം ജയിലിൽ വെച്ച് മമ്പുറം അലവി തങ്ങൾക്ക് കവിതാ സന്ദേശം അയക്കുകയുണ്ടായി. ചില അറബിഗ്രന്ഥ പകർപ്പിലും ഉമർ ഖാസി മൗലിദിലും ആ കാവ്യം രേഖപ്പെടുത്തുകയുണ്ടായി.
ചില പ്രസക്ത ഭാഗങ്ങൾ:
നിങ്ങളുടെ സേവകനും, പരമ ദരിദ്രനും, നിങ്ങളുടെ അനുഗ്രഹം അഭിലഷിക്കുന്നവനും, പാപിയും, കാരാഗൃഹവാസിയുമായ ഉമർ നിങ്ങൾക്കഭിവാദ്യം അർപ്പിക്കുന്നു. അകാരണമായി നീബ് സായിപ്പിനെ ദ്രോഹിച്ചുവെന്നാരോപിച്ചു തുക്ടി എന്നെ ബന്ധനസ്ഥനാക്കി വെച്ചിരിക്കുകയാണ്. മക്ളി സായിപ്പ് എന്ന ഭരണാധികാരി അക്രമമായി നിലയിൽ എന്നെ കഠിന തടവിന് വിധേയനാക്കി. ഞാൻ വല്ല വിദൂര സ്ഥലത്തേക്കും ഓടിപ്പോകുമെന്നു ഭയന്ന് കാവൽ നിൽക്കാനായി ഒരു നാൽക്കാലിയെയും നിയമിച്ചിട്ടുണ്ട് . പാറപോലെ കടുത്ത ക്രൂരഹൃദയരായ ഇംഗ്ളീഷുകാരുടെ ആക്രമണം നിമിത്തം എന്റെ അവസ്ഥ പഞ്ചാരത്തിലകപ്പെട്ട കുരുവിയെ പോലെ ദയനീയമാണ്. മരണത്തിനു വേണ്ടിയത്രെ മനുഷ്യാത്മാക്കൾ സൃഷ്ടിക്കപ്പെട്ടത് , മരണം വരിക്കൽ ശ്രേഷ്ടമായി കരുതുന്നു.
പറഞ്ഞുവരുന്നതെന്താണെന്നു വെച്ചാൽ നാടിനുവേണ്ടി ബ്രിടീഷുകാർക്കെതിരെ നിസ്സഹകരണങ്ങളും, എതിർപ്പുകളും, പ്രതിരോധവും നടത്തി ഒരിക്കലും സന്ധിചെയ്യാതെ ജീവിച്ചു കാണിച്ച ഒരുപാട് സാമൂഹ്യപരിഷ്കർത്താക്കൾ കടന്നുപോയ നാടാണ് മലബാർ. പിന്നീട് വന്ന തലമുറകളിലെ സാധാരണക്കാരും, കർഷകരും, വെറും പാട്ടക്കാരനും, കൂലിവേലക്കാരനും, അടിചമർത്തപ്പെട്ടവരുമെല്ലാം ഇന്ത്യക്കു സ്വാതന്ത്രം ലഭിച്ചു ഹിച്കോക്കിന്റെ പ്രതിമ പോലും പൊളിച്ചുകളയുന്നത് വരെ സധൈര്യം ബ്രിടീഷ് വിരുദ്ധത ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്.
Well written