അടപ്പുകൾ തുറന്ന്
കൃത്യമായ അളവിൽ
അകത്തേക്ക് നിക്ഷേപിക്കും
പാൽ, പഞ്ചസാര, തേയില.
രുചിയും കടുപ്പവും നിറവും
ഒരു പോലെ ആവർത്തിച്ച്
കപ്പുകളിൽ തുളുമ്പാതെ തുളുമ്പും
വെൻഡിങ് മെഷീനിലെ ചായ.
കുട്ട്യോമൻ്റെ ചായമക്കാനിയിലെ
സമോവർ, കയറി വരുന്നിടത്തേ
വെട്ടിത്തിളങ്ങി നിൽപ്പുണ്ട്
അതിഥികളെ സ്വീകരിക്കാനെന്നപോലെ.
ചായ കുടിക്കുന്നവരെ നോക്കി
ഉള്ളു ചുളിഞ്ഞ്, സമോവറിൻ്റെ
ഉള്ളിൽ തിളക്കുന്നുണ്ട്
മറ്റൊരു ചായ.
രണ്ട് മീറ്റർ ഉയരത്തിൽ
ഉയർന്ന് താഴ്ന്ന്
മുറിച്ച് മുറിച്ച്
കുപ്പി ഗ്ളാസിൽ പാരുമ്പോൾ
കുട്ട്യോമൻ്റെ വിരലുകൾ
ധ്രുതഗതിയിൽ ചലിക്കും.
വിത്തൗട്ട്,
സ്ട്രോങ്ങ്,
ലൈറ്റ്,
മധുരം കമ്മി.
കുടിക്കാനിരിക്കുന്ന
പാടവും പറമ്പും
പുഴ മധ്യവും
തെങ്ങിൻ മണ്ടയും
ആശങ്കയും പ്രതീക്ഷയും
രാഷ്ട്രീയവും കുടുംബ കാര്യവും
പങ്കുവെക്കും.
കുട്ട്യോമൻ്റെ പേരക്കുട്ടിയാണ്
റസ്റ്റോറൻ്റിന് സമോവർ
എന്ന പേരിട്ടത്
കുഴിമന്തിയും ഷവർമയും
പിസ്സയും ബർഗറും വരെയുണ്ട്
ചായക്കൊപ്പം പപ്സും കട്ലറ്റും
പാടവും പറമ്പും പുഴയും
തെങ്ങിൻ തോപ്പും
ഒരേ നിരപ്പിലാണ്.
ഒരേ വലിപ്പത്തിൽ,
ഒരേ നിറത്തിൽ,
ഒരേ രുചിയിൽ,
ആകാശത്തേക്ക്
അടുക്കിയടുക്കി വെച്ച
ഒരിടത്താണ് സമോവർ
ഒരേ തരത്തിലുള്ളവർ
ഒരു പരാതിയുമില്ലാതെ
കുടിച്ചിറങ്ങുമ്പോൾ
വെൻഡിങ് മെഷീനിന്
ഒരു ന്യൂ ജനറേഷൻ ചിരിയുണ്ട്
സമോവറിനുള്ളിൽ
കാലങ്ങൾ പലതായ് നിറഞ്ഞു
തിളച്ചുമറിഞ്ഞു,
പലരുചികൾ തിരഞ്ഞു,
പൊട്ടിത്തെറിച്ചു.