വെളിയംകോട് : വെളിയംകോട് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കെ ശ്വേതാ വാസുദേവൻ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാല ഡെൻമാർക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ പഠന ഗവേഷണത്തിന് പ്രവേശനം ലഭിച്ചു.
സൂക്ഷ്മോപകരണങ്ങളിൽ ഊർജ്ജ ശേഖരണത്തിനായി ഉപയോഗിക്കുന്ന മൈക്രോ സൂപ്പർ കപ്പാസിറ്ററുകളിലാണ് ശ്വേത ഗവേഷണം നടത്തുന്നത്. കുറഞ്ഞ ചെലവിൽ, വേഗത്തിൽ ചാർജ് ചെയ്യുന്നതിനും, ഡിസ്ചാർജ് ചെയ്യുന്നതിനും കഴിവുള്ള സൂപ്പർ കപ്പാസിറ്ററുകൾ കുറഞ്ഞ സമയത്തെ ഊർജ്ജാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ആധുനിക കാലത്ത് ധരിക്കാവുന്നതും, കൊണ്ടുനടക്കാവുന്നതുമായ വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഇത്തരം സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കുന്നുണ്ട്.
യൂറോപ്യൻ റിസർച്ച് കൗൺസിലിൻ്റെ സാമ്പത്തിക സഹായത്തോടെ ഡെന്മാർക് ടെക്നിക്കൽ യൂണിവേർസിറ്റിയിൽ മൂന്ന് വർഷമാണ് ഗവേഷണ കാലാവധി. ആരോഗ്യമേഖലയിലും പ്രകൃതി സൗഹൃദ ഊർജ്ജ മേഖലയിലും പുരോഗമനപരമായ കണ്ടെത്തലുകൾക്ക് ഗവേഷകരെ സഹായിക്കുന്നതിന് ഡി ടി യു വിലെ നാനോലാബിൽ സൗകര്യമുണ്ടാവും.
സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം, കൊല്ലം ടി കെ എം കോളജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, മദ്രാസ് ഐ ഐ ടി യിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബാംഗ്ളൂരിലെ ലോഗ് നയൻ മറ്റേരിയൽസ് എന്ന സ്ഥാപനത്തിൽ സീനിയർ റിസർച്ച് അസോസിയറ്റായി ജോലി ചെയ്ത് വരവെയാണ് പി എച്ഛ് ഡി ക്കായി ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേരാൻ അവസരം ലഭിച്ചത്.
എരമംഗലം കാണക്കോട്ട് വാസുദേവൻ – ഷീജ ദമ്പതികളുടെ മകളാണ് ശ്വേത വാസുദേവൻ.