ഒന്നും ഒന്നും രണ്ടാണെന്ന്
വര്‍ഗീസ് മാഷാണ്
ചൊല്ലിപഠിപ്പിച്ചത് പണ്ട്
ഇടക്ക് ബഷീറതിനെ
ഇമ്മിണി വലിയതൊന്നെന്ന് തിരുത്തി
സെെബറിടത്തത്
പൂജ്യമെന്ന് തിരുത്താന്‍
കൂട്ടാക്കാത്തതിനാണ്
രഞ്ജിത്ത് മാഷെന്റെ
കെെവെള്ളയിലേക്ക്
ചൂരല്‍ വീശിയത്.
ക്ലാസ്മുറിയില്‍നിന്ന്
ഡയോജനീസിനെപ്പോലെ ഇറങ്ങിനടന്നിട്ടും
കണ്ടു കിട്ടിയില്ല മാഷേ…
മൃഗത്വം പോലും നഷ്ട്ടപ്പെടാത്ത
ഒന്നിനെപ്പോലും.
കൂട്ടിയും കിഴിച്ചും ഗുണിച്ചും
താളുകളേറെയും തീര്‍ന്നു മാഷേ…
ഇനിയും ജീവിതം മാത്രം
ടാലിയായിട്ടില്ലിതുവരെ.
വിപണിയില്‍
വിലവിവര പട്ടിക
ഐ പി ല്‍ സ്കോറു പോലെ….
എന്നിട്ടും, പാതയോരത്ത്
മൂന്നെണ്ണം പത്തിന് നിരത്തി വെച്ചത് കണ്ടപ്പൊ
കണ്ണുതള്ളിപ്പോയി മാഷേ…
തല്ലുകൊണ്ടിട്ടും
ഒന്നു പോലും കിട്ടാത്ത
പ്രണയം.
അന്ത്യദിനത്തിലെ
അവസാനത്തെ പിരീഡില്‍ സമയമിനിയും
ബാക്കിയുണ്ടായിരുന്നില്ലെ മാഷേ…..
എന്നിട്ടുമെന്തിനാണ്
ഹൃദയത്തില്‍ വിരലമര്ത്തിപ്പിടിച്ച്
ക്ലാസ്മുറിയില്‍നിന്ന്
ഇത്ര പെട്ടെന്ന് നാടുകടത്തിയത് ഞങ്ങളെ